ജാവേദ് അക്തറിന്റെ കൊച്ചുമകള്‍ ഉര്‍ഫി ജാവേദ് എന്ന് സംഘപരിവാര്‍

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തില്‍ എത്തിയ നടിയും മോഡലുമായ ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു ജാവേദ് അക്തറിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ വിമര്‍ശനം.

ആര്‍എസ്എസ്, ബജ്രംഗദള്‍ പോലുള്ള ഹിന്ദു സംഘങ്ങളും താലിബാനെ പോലെയാണെങ്കില്‍ ഇന്ത്യയില്‍ ഇത്തരം വസ്ത്രം ധരിച്ച് ഉര്‍ഫിക്ക് നടക്കാനാകുമോ എന്നാണ് വിമര്‍ശനം. ജാവേദ് അക്തറിന്റെ കൊച്ചുമകള്‍ ഉര്‍ഫി ജാവേദ് ആണിതെന്നു പരിചയപ്പെടുത്തിയായിരുന്നു പ്രചാരണം. എന്നാല്‍ ഉര്‍ഫി തങ്ങളുടെ ആരുമല്ലെന്ന വിശദീകരണവുമായി ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന ആസ്മി രംഗത്തെത്തി.

പേരിന്റെ അവസാനം ജാവേദ് ഉള്ളതു കൊണ്ട് തന്നെ ജാവേദ് അക്തറുമായി ബന്ധപ്പെടുത്തുന്നത് തമാശയാണെന്ന് ഉര്‍ഫിയും പ്രതികരിച്ചു. വ്യാജ പ്രചാരണം പൊളിഞ്ഞതോടെ ഇന്ത്യന്‍ സംസ്‌കാരത്തിനു വിരുദ്ധമായ വസ്ത്രങ്ങളണിഞ്ഞു പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഉര്‍ഫിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വേണമെങ്കില്‍ വിവസ്ത്രയായും താന്‍ പുറത്തിറങ്ങുമെന്നും ഇങ്ങനെയൊക്കെയാണ് താനെന്നുമായിരുന്നു ഇതിനോട് ഉര്‍ഫിയുടെ പ്രതികരണം. വ്യക്തി എന്ന നിലയില്‍ തന്നെ കുറിച്ച് സംസാരിക്കാറില്ല. താനെന്തു പോസ്റ്റ് ചെയ്താലും ആളുകളിങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും. ബിക്കിനിയായാലും സല്‍വാറായാലും വൃത്തികെട്ട പ്രതികരണങ്ങളുണ്ടാകും എന്നും ഉര്‍ഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!