അന്നാ ബെല്ലെ സേതുപതിയില്‍ താപ്‌സിക്ക് പ്രിയാ ലാലിന്റെ മാന്ത്രിക ശബ്ദം !

വിജയ് സേതുപതിയും താപ്‌സി പന്നുവും അഭിനയിച്ച ‘ അന്നാ ബെല്ലെ സേതുപതി’ കഴിഞ്ഞ ദിവസം ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ താപ്‌സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്. ആ കഥാപാത്രം മികവുറ്റതാവാന്‍ കാരണമായി ഭവിച്ചതാകട്ടെ ഒരു പ്രവാസി മലയാളിയുടെ മധുര ശബ്ദവും. തെന്നിന്ത്യന്‍ സിനിമയിലെ നായിക നടിയും നര്‍ത്തകിയുമായ പ്രിയാ ലാലിന്റേതാണ് ആ ശബ്ദം . ചിത്രത്തിന്റെ സംവിധായകനും സംഘവും താപ്‌സി യുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം ലഭിക്കുന്നതിനായി പല നടിമാരുടെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടേയും ശബ്ദം പരീക്ഷിച്ചു നോക്കി എങ്കിലും ഒന്നും തൃപ്തി നല്‍കിയില്ല. ഒടുവിലാണ് മലയാളിയായ നടി പ്രിയാ ലാലിനെ കുറിച്ചും അവരുടെ ഇംഗ്‌ളീഷ് സംഭാഷണ മികവിനെ കുറിച്ചും കേട്ടറിഞ്ഞത്.

എന്നാല്‍ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ശബ്ദം നല്‍കാന്‍ സമ്മതിക്കുമോ എന്ന ശങ്കയോടെയായിരുന്നു സംവിധായകനും നിര്‍മ്മാതാവും പ്രിയാ ലാലിനെ സമീപിച്ചത് . ഇരുവരുടെയും അഭ്യര്‍ത്ഥനയെ മാനിച്ച് പ്രിയ ശബ്ദം നല്‍കാന്‍ സമ്മതിച്ചു. പ്രിയയുടെ ശബ്ദം കിട്ടിയില്ലായിരുന്നൂവെങ്കില്‍ ടാപ്സിയുടെ ആ കഥാപാത്രത്തിന് ഇത്രയും മികവ് ലഭിക്കുമായിരുന്നില്ല . വളരെ പെര്‍ഫെക്റ്റ് ആയി ബ്രിട്ടീഷ് ശൈലിയിലുള്ള പ്രസന്റേഷന്‍ ആയിരുന്നു പ്രിയാ ലാലിന്റേത് എന്ന് സംവിധായകന്‍ ദീപക് സുന്ദര്‍രാജന്‍ പറയുന്നു.

ദുബായിലെ റാസല്‍ ഖൈമയില്‍ ജനിച്ച് യൂ കെ യിലെ ലിവര്‍പൂളില്‍ പഠിച്ചു വളര്‍ന്ന പ്രവാസി മലയാളിയായ പ്രിയാലാലിന് നൃത്തവും അഭിനയവും പാഷനാണ്. പ്രിയ മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളില്‍ നായികയായി അഭിനയിച്ചു കഴിഞ്ഞു . ജനകന്‍ ‘ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വെയ്പ്പ് . അതില്‍ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. തമിഴിസംവിധായകന്‍ സുശീന്ദ്രന്റെ ‘ ജീനിയസ് ‘ , തെലുങ്കില്‍ രാംഗോപാല്‍ വര്‍മ്മയുടെ
സഹസംവിധായകനായിരുന്ന മോഹന്‍ സംവിധാനം ചെയ്ത ‘ ഗുവ ഗോരിങ്ക ‘(Love Birds) എന്നിവയാണ് പ്രിയാ ലാലിന്റെ റിലീസായ ചിത്രങ്ങള്‍. മലയാളത്തില്‍ ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന ‘മയില്‍’ എന്നസിനിമയില്‍ അഭിനയിച്ചു വരുന്നു . അടുത്ത് തന്നെ പ്രിയാ ലാല്‍ നായികയാവുന്ന പുതിയ തമിഴ് – തെലുങ്ക് സിനിമകളുടെ ഷൂട്ടിങ് തുടങ്ങും. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സസ്‌പെപെന്‍സില്‍ വെച്ചിരിക്കുന്ന പ്രിയാ ലാല്‍ ‘ എണ്ണത്തില്‍ കുറച്ചു സിനിമകള്‍ ചെയ്താലും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്ന അഭിനയ സാധ്യതയുള്ള നല്ല നായികാ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് ‘ എന്ന് പറഞ്ഞു. പഠിത്തവും ഉപരിപഠനവുമൊക്കെ കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചയില്‍ താമസമാക്കിയിരിക്കയാണിപ്പോള്‍ പ്രിയാലാല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!