ആ സ്ത്രീയുടെ സന്ദേശം കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്, മോന്‍സന് സുരക്ഷ നല്‍കിയത് എന്റെ കമ്പനിയല്ല, പേര് ദുരുപയോഗം ചെയ്തു: മേജര്‍ രവി

തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് സംവിധായകന്‍ മേജര്‍ രവി. തന്റെ കമ്പനിയില്‍ നിന്നും പുറത്താക്കിയ പ്രദീപ് എന്നയാള്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു. ഐഎസ്എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് താന്‍ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടര്‍ ഫോഴ്‌സില്‍ പ്രദീപ് എന്ന ഈ വ്യക്തി ഉണ്ടായിരുന്നു.

ഹൈദരാബാദില്‍ ഒരു അതിഥിയ്‌ക്കൊപ്പം സുരക്ഷാ ജോലിയില്‍ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും തണ്ടര്‍ഫോഴ്‌സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികള്‍ കണ്ടെത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. തണ്ടര്‍ഫോഴ്‌സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നു.

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതുമാണ്. അതിനുശേഷം ആ യൂണിഫോം അവര്‍ ഉപയോഗിച്ചിട്ടില്ല. ആറു മാസം മുമ്പാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതും നടപടി സ്വീകരിച്ചതും എന്ന് മേജര്‍ രവി പറയുന്നു. പ്രദീപ് ഒരു പ്രവാസി വ്യവസായിയുടെ ഭാര്യയോട് തന്റെ ബോഡിഗാര്‍ഡ് ആയിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെട്ടതിനെ കുറിച്ചും മേജര്‍ രവി പറയുന്നുണ്ട്.

ഇന്നു രാവിലെ ഫെയ്‌സ്ബുക്കില്‍ ഒരു സ്ത്രീയുടെ സന്ദേശം ലഭിച്ചു. കഴിഞ്ഞാഴ്ച പ്രദീപ് എന്നയാള്‍ മേജര്‍ രവിയുടെ ബോഡിഗാര്‍ഡ് ആയിരുന്നെന്ന് പരിചയപ്പെടുത്തി സമീപിച്ചിരുന്നെന്ന് ആ സ്ത്രീ പറഞ്ഞു. ഇപ്പോള്‍ മോന്‍സന്‍ എന്ന വ്യക്തിയുടെ ബോഡിഗാര്‍ഡ് ആയി ജോലി ചെയ്യുകയാണെന്നും അയാള്‍ അവരോട് പറഞ്ഞു. പുരാവസ്തുക്കള്‍ ആവശ്യമുണ്ടെങ്കില്‍ മോന്‍സനില്‍ നിന്നു വാങ്ങാമെന്നു പറഞ്ഞാണ് ആ സ്ത്രീയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!