തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ആദ്യ പ്രധാന റിലീസ് ‘കുറുപ്പ്’

കോവിഡ് രണ്ടാം തരംഗത്തില്‍ അടച്ച തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കുമ്പോള്‍ ആദ്യ പ്രധാന റിലീസ് ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’. നവംബര്‍ 12ന് ആകും ചിത്രം റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍ ആകും ആദ്യ റിലീസ് ചിത്രമായി എത്തുക.

കാവല്‍, അജഗജാന്തരം, ഭീമന്റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. കൂടാതെ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, റോയ്, ഹൃദയം, മരട് 357, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടന്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രജനികാന്തിന്റെ അണ്ണാത്തെ, വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നിവയൊക്കെ കേരളത്തിലെ തിയേറ്ററുകളിലും എത്തും. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ റിലീസ് തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാലിന്റെ ആറാട്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനാവുന്ന ഭീഷ്മപര്‍വം, പുഴു എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

പുഴു ഡിസംബറില്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. നിലവില്‍ പ്രഖ്യാപിച്ചതിന് അനുസരിച്ച് സുരേഷ് ഗോപിയുടെ കാവല്‍ ആവും ആദ്യം തിയേറ്ററുകളിലെത്തുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം. നവംബര്‍ 25ന് ചിത്രം റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബന്റെ ഒറ്റ്, ബിജു മേനോന്‍-മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം, ജോജു ജോര്‍ജിന്റെ പീസ്, നിവിന്റെ തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!