പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല, നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥയാണ്: സ്വര ഭാസ്‌കര്‍

ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് സ്വര പറഞ്ഞു.സംവിധായകന്‍ പ്രകാശ് ഝായുടെ ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രകാശ് ഝായുടെ ‘ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റില്‍ ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു. പ്രകാശ് ഝായുടെ മുഖത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു.

ബോബി ഡിയോള്‍ അഭിനയിക്കുന്ന ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.ഞായറാഴ്ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.

‘പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോള്‍ മൂര്‍ദാബാദ്’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് അതിക്രമിച്ചുകയറിയത്. ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!