പരസ്പരം കുശുമ്പുള്ള സ്ഥലമാണ് ഇത്, ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്; ജോജു വിഷയത്തില്‍ അമ്മ പ്രതികരിക്കാത്തതിന് എതിരെ ഗണേഷ്

ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് സമരത്തിനിടെ ആക്രമിച്ച സംഭവത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മയിലെ ആരും ജോജു തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ചോദിച്ചു. പരസ്പരം കുശുമ്പുളള സ്ഥലമാണ് സിനിമ. അതുകൊണ്ടാകും ഇതില്‍ ആരും അപലപിക്കാത്തതെന്ന് ആരോപിച്ച ഗണേഷ് ഇക്കാര്യത്തില്‍ സംഘടനാ യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും അറിയിച്ചു.

അതേസമയം താന്‍ തുടക്കത്തില്‍ തന്നെ വിഷയത്തില്‍ ഇടപെട്ടെന്ന് ഗണേഷിന്റെ ആരോപണം തളളി ഇടവേള ബാബു പ്രതികരിച്ചു. ജോജുവിന്റെ വാഹനം പൊളിച്ചത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നാണ് അമ്മ എക്സിക്യൂട്ടിവ് മെമ്പര്‍ ബാബുരാജ് പറഞ്ഞത്. അതേസമയം പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വ്യക്തികള്‍ അവരുടെ അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പറയാന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഗണേഷ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!