ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമയുടെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്വ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കാന്‍ ടീസറും സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തിറക്കിയ ടീഷര്‍ട്ടും പോസ്റ്ററുമെല്ലാം ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന് ജിതിനും സിനിമയെ വിമര്‍ശിക്കുകയും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും ജിതിന് പറയുന്നു. തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന് ചാക്കോ പറഞ്ഞു. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നും ജിതിന് വ്യക്തമാക്കി.