അജഗജാന്തര’ത്തെ ഒരു കംപ്ലീറ്റ് വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആക്കാന്‍ ജിന്റോ

പ്രേക്ഷകരുടെ മുന്‍പിലേക്കെത്തുന്ന സിനിമ എന്നത് ജിഗ്‌സോ പസില്‍ പോലെ, പല വിഭാഗങ്ങളെയും സമന്വയിപ്പിക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണതയിലേക്കെത്തുന്ന ഒന്നാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഛായാഗ്രഹണം. തിരക്കഥയും സംവിധായകനും ആവശ്യപ്പെടുന്ന കഥാസന്ദര്‍ഭങ്ങളെ ഏറ്റവും മനോഹരമാക്കിയും അതോടൊപ്പം അതേ ദൃശ്യങ്ങള്‍ തിരശ്ശീലയില്‍ കാണുന്ന പ്രേക്ഷകരിലേക്ക് സ്വാധീനം ചെലുത്തുക എന്നതും ഛായാഗ്രാഹകന്റെ ചുമതലയാണ്.

ഉത്സവവും അമ്പലപ്പറമ്പും പശ്ചാത്തലമായെത്തുന്ന ‘അജഗജാന്തര’ത്തിന്റെ ട്രൈലറില്‍, റിലീസിന് ശേഷം പ്രേക്ഷകരാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രത്തിന്റെ ഛായാഗ്രഹണ മികവ്. ഗിരീഷ് ഗംഗാധരന്റെ ശിഷ്യനായ ജിന്റോ ജോര്‍ജ്ജാണ് ‘അജഗജാന്തര’ത്തിന്റെ ഛായാഗ്രഹണ നിര്‍വ്വാഹകന്‍. ഉത്സവപറമ്പിലെ വര്‍ണാഭമായ കാഴ്ചകളും ആക്ഷന്‍ രംഗങ്ങളുടെ ചടുലതകളും അതേപടി പകര്‍ത്തി, ‘അജഗജാന്തര’ത്തെ ഒരു കമ്പ്‌ലീറ്റ് വിഷ്വല്‍ എക്‌സ്പീരിയന്‍സ് ആക്കിത്തീര്‍ക്കുന്നതില്‍ ജിന്റോ ജോര്‍ജ്ജിന്റെ പങ്ക് വളരെ വലുതാണ്.

ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് അജഗജാന്തരം എത്തുന്നത്.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഒള്ളുള്ളെരു’ എന്ന സൈട്രാന്‍സ് മിക്‌സ് ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. മുമ്പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്കും വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!