‘മരക്കാര്‍ ഡീഗ്രേഡ് ചെയ്യുന്നത് നല്ലതിന്’; കാരണം തുറന്നുപറഞ്ഞ് ഹരീഷ് പേരടി

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയ്ക്ക് നേരെ വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളുമുയര്‍ന്നിരുന്നു ്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് നേരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയില്‍ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഹരീഷ് പേരടി.

സിനിമയ്ക്ക് നേരെ വരുന്ന ഡീഗ്രേഡിങ്ങ് ഒരു തരത്തില്‍ നല്ലത് ആണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രേക്ഷകന് ചിത്രത്തെ അമിത പ്രതീക്ഷ കൂടാതെ സമീപിക്കാന്‍ സാധിക്കും. അത് സിനിമയുടെ വിജയത്തിന് കാരണമാകും എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

മരക്കാര്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നതില്‍ സന്തോഷം. പ്രത്യേകിച്ച് മങ്ങാട്ടച്ഛന്‍ എന്ന എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതില്‍ അതിയായ സന്തോഷം. ഒരു പരിധി വരെ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മനപൂര്‍വം ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ പ്രേക്ഷകന്‍ അമിത പ്രതീക്ഷ ഇല്ലാതെ തന്നെ പോവുകയും പടം കഴിഞ്ഞു പൂര്‍ണ്ണ സംതൃപ്തിയോടെ ഇറങ്ങുകയും ചെയ്യും. അത് സിനിമയുടെ വിജയത്തിന് കാരണമാകും.

തുടക്കം മുതല്‍ തന്നെ ഈ സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട് സിനിമ 30 ശതമാനം ചരിത്രവും 70 ശതമാനം തന്റെ ഭാവനയുമാണ് എന്ന്. എന്നാല്‍ കുഞ്ഞാലി മരയ്ക്കാറുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര പുസ്തകങ്ങളും നാടകങ്ങളും എല്ലാം അദ്ദേഹം വായിച്ചിരുന്നു. ആ കണക്കിന് നോക്കുമ്പോള്‍ ചരിത്രത്തോടും കലയോടും സിനിമ നീതി പുലര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!