ഞാന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്; സുരേഷ് ഗോപി

സിനിമയില്‍ നിന്ന് മാറിനിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി. താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു.

രണ്ടാംഭാവത്തിന്റെ പരാജയം എന്നെ തളര്‍ത്തി, അതിന്‌ശേഷമാണ് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. അതിന്‌ശേഷം കുറേ നാള്‍ കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ചിട്ട് നമുക്കൊരു സിനിമ ചെയ്യണം. വീണ്ടും എന്റെ ഫ്‌ളക്‌സ് വരണം എന്ന് പറഞ്ഞു. രണ്‍ജി ഒരാഴ്ച കഴിഞ്ഞ് വിളിച്ചിട്ട് പറഞ്ഞു, സിനിമയൊക്കെ ചെയ്യാം പക്ഷെ നീ പഴയതുപോലെ തെറി പറയണം, സിഗരറ്റും വലിക്കണം. അങ്ങനെയുണ്ടെങ്കില്‍ ചെയ്യാമെന്ന്. ഭരത്ചന്ദ്രന്‍ ഐപിഎസ് സംഭവിക്കുന്നത് അങ്ങനെയാണ്.

വരനെ ആവശ്യമുണ്ട് ഞാന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാന്‍ കാരണം ശോഭന ഡേറ്റ് നല്‍കാന്‍ ഒരു വര്‍ഷമെടുത്തു. സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നിയിട്ട് ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചു. ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാന്‍സല്‍ ചെയ്തു.

അനൂപിനെ വിളിച്ചിട്ട് ഞാന്‍ അഭിനയിക്കുന്നില്ല, വരുന്നില്ല എന്ന് അറിയിച്ചു. അപ്പോള്‍ അനൂപ് പറഞ്ഞു, സര്‍ വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോയി. അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര്‍ കൈയില്‍ ഇപ്പോള്‍ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത്. സുരേഷ് ഗോപി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!