ക്ഷമ ചോദിക്കുന്നു: മരക്കാര്‍ വ്യാജന്‍ പ്രചരിപ്പിച്ച യുവാവിന്റെ വിശദീകരണം

മരക്കാര്‍ അറബികടലിന്റെ സിംഹത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫാണ് പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് പിടിയിലായത്്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നസീഫ്.

ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്. എന്നാല്‍ അതൊക്കെ ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു എന്ന് നസീഫ് അറിയിച്ചു.

ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു. അത് കുറച്ച് പ്രശ്‌നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ഈ ലൈവ്.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!