‘സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രമും ഉണ്ടാകും

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിലും ജഗതിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ഇതുവരെ ഉള്ള സിബിഐ ചിത്രങ്ങളിലെ ജഗതിയുടെ വിക്രം ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമയിലും ജഗതി ശ്രീകുമാര്‍ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റതിന് ശേഷം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തില്ല. എന്നാല്‍ ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ വേണമെന്നും ഏതെങ്കിലും രംഗങ്ങളില്‍ ജഗതിയുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നുമായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ5’ലെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിബിഐ 5 കഴിഞ്ഞ മാസം 29 നാണ് ചിത്രീകരണം തുടങ്ങിയത്. മമ്മൂട്ടിയും ടീമില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സം?ഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

1988-ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!