സിനിമയില്‍ നിര്‍മ്മാതാവായി പിടിച്ചു നില്ക്കാന് കഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാന്ദ്ര തോമസ്. പൈസ ലാഭിക്കാന്‍ വേണ്ടിയാണ് താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ അഭിനയിച്ചിരുന്നത് എന്ന് താരം പറഞ്ഞിരുന്നു. ഫ്രൈഡേ എന്ന സിനിമയാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിക്കുന്നത്.
ഫ്രൈഡേ ചിത്രത്തിന്റെ സെറ്റില്‍ നടന്ന പ്രശ്നങ്ങളാണ് ബിഹൈന്ഡ്വുഡ്സില് മണിയന്‍പിള്ള രാജു നടത്തിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നത്. ഫ്രൈഡേ സിനിമ ചെയ്തപ്പോള്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പ്രശ്നം ആയിരുന്നു. ആലപ്പുഴ പടിപ്പുര ഹോട്ടലിന് അടുത്തുള്ള ബീച്ചിലാണ് ഷൂട്ട് നടക്കുന്നത്.
പടിപ്പുരയില്‍ നിന്ന് ബീച്ച് പോകാന്‍ രണ്ട് കിലോമീറ്ററേ ഉള്ളു. വൈകുന്നേരം പെട്രോളിന്റെ ബില്ല് കൊണ്ടു തരുമ്പോള്‍ 150 കിലോമീറ്റര്‍ ഓടി എന്ന് പറഞ്ഞിട്ടൊക്കെയാണ് വരിക. കുറച്ച് ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്താല്‍ ഞാന്‍ വിരണ്ടു പോകുമെന്ന് കരുതി. ആദ്യം ഞാന്‍ വിരണ്ടു പോവുകയും ചെയ്തു.
എന്ത് പോയാലും കുഴപ്പമില്ല, ഈ പരിപാടി പറ്റത്തില്ല എന്ന് പറഞ്ഞ് ഞാന്‍ ഇട്ടേച്ച് പോകാന്‍ പോയി. പിന്നെ ഞാന്‍ സ്റ്റ്രാറ്റെജി മാറ്റി. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമയായപ്പോള്‍ ‘നിങ്ങള്‍ പറ്റിച്ചോ എനിക്ക് മനസിലാവാത്ത രീതിയില്‍’ എന്ന് പറഞ്ഞു എന്നാണ് സാന്ദ്ര പറയുന്നത്.
ലിജിന്‍ ജോസിന്റെ സംവിധാനത്തില്‍ 2016ല്‍ ആണ് ഫ്രൈഡേ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വെള്ളിയാഴ്ച എന്ന ഒരു ദിവസം നിരവധി ആളുകളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ചിത്രം പറഞ്ഞത്. ഫഹദ് ഫാസില്‍, നെടുമുടി വേണു, നിമിഷ സുരേഷ്, ടിനി ടോം, ആന്‍ അഗസ്റ്റിന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.