എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ്’; രണ്‍വീറിനോട് പൃഥ്വിരാജ്

’83’ സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയ രണ്‍വീര്‍ സിംഗിന്റെയും ചടങ്ങില്‍ പങ്കെടുത്ത പൃഥ്വിരാജിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ഇറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍ ആണ് പൃഥ്വിരാജ്. സിനിമയുടെ ലാഭം നോക്കിയല്ല, ക്രിക്കറ്റിനോടുള്ള തന്റെ കമ്പവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവും ആണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെ കൂട്ടത്തില്‍ തന്നെ ‘സാര്‍’ എന്ന് അഭിസംഭോധന ചെയ്ത രണ്‍വീറിനെ പൃഥ്വിരാജ് തിരുത്തുന്നതും താരം പറയുന്ന കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്. മനോരമയ്ക്ക് വേണ്ടിയാണ് പൃഥ്വിരാജ് രണ്‍വീറിനെ ഇന്റര്‍വ്യൂ ചെയ്തത്.

”എന്നെ സാറേ എന്ന് വിളിക്കരുത്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്റ്റേജിലാണ് ഞാന്‍ ഇപ്പോള്‍” എന്നാണ് പൃഥ്വിരാജ് പറയുന്നത്. താനും അതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നത് എന്നാണ് രണ്‍വീറിന്റെ മറുപടി.

1983ലെ വേള്‍ഡ് കപ്പ് ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 83. 1983ലെ ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ച് കപില്‍ ദേവിന്റെ നായകത്വത്തില്‍ ഇന്ത്യ നേടിയ വിജയമാണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!