‘അഞ്ചു വര്‍ഷമായി എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായി’; പ്രതികരിച്ച് ഭാവന

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ താന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്ന് ഭാവന പറയുന്നു.

ഭാവനയുടെ കുറിപ്പ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!