ലാലേട്ടനെ കുറിച്ച് ഉണ്ണിമേനോൻ

മോഹന്‍ലാലിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് ഗായകന്‍ ഉണ്ണി മേനോന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്ററിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഗായകന്‍ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലാന്‍ ആകില്ലെന്ന് ഗായകന്‍ പറയുന്നു.

ഉണ്ണി മേനോന്റെ കുറിപ്പ്:

നാല് പതിറ്റാണ്ടിലേറെയായി ഈ നടനവിസ്മയം നമ്മുടെ മനസുകളിലേക്ക് കയറിക്കൂടിയിട്ട്. ഏറെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും ഇന്നും അത്ഭുതവും ആദരവും നിറഞ്ഞ മനസോടെയല്ലാതെ അദ്ദേഹത്തിനരികിലേക്ക് ചെല്ലുവാനെനിക്കാവില്ല. നടന വൈഭവത്തിനൊപ്പം വ്യക്തിപ്രഭാവവും അത്രമേല്‍ അദ്ദേഹത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു.

ഞാന്‍ പാടിയ പല പാട്ടുകളും ഒരു സൂപ്പര്‍ ഹിറ്റ് ആയി മാറിയതിന്റെ പുറകില്‍ ആ സിനിമകളിലെ ലാലിന്റെ ദൃശ്യ സാന്നിധ്യത്തിന് വളരെയേറെ പങ്കുണ്ട്. ഈ അടുത്തയിടെ കൊച്ചിയില്‍ വെച്ച് മോണ്‍സ്റ്റര്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് ലാല്‍ എന്നെ ക്ഷണിച്ചത്. എന്നോടൊപ്പം എന്റെ പ്രിയ സുഹൃത് ശരത് കുമാറും ഉണ്ടായിരുന്നു.

സിനിമയുടെ കോസ്റ്റിയൂമിലും, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആയിരുന്നിട്ടു പോലും രണ്ട് മണിക്കൂറോളം ഞങ്ങള്‍ ഒരുമിച്ചു ചിലവഴിച്ചു. ആ സമയമത്രയും ഞങ്ങളെ വളരെ കംഫര്‍ട്ടബിള്‍ ആക്കി വെയ്ക്കാന്‍ ലാല്‍ കാണിച്ച പ്രത്യേക ശ്രദ്ധ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

അവിടെ വെച്ച് ശ്രീ ആന്റണി പെരുമ്പാവൂരിനെയും, ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വൈശാഖിനെയും പരിചയപ്പെടാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞു നിറഞ്ഞ മനസോടെ യാത്ര ചോദിക്കവേ ഒരു നല്ല സായാഹ്നത്തിന്റെ ഓര്‍മ്മക്കുറിപ്പായി എടുത്ത ഫോട്ടോ ആണിത്. ഏറെ സന്തോഷത്തോടെ ഇത് നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കട്ടെ…. ലാലിന് ഒരിക്കല്‍ കൂടി എന്റെ സ്‌നേഹാദരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!