നടനും സംവിധായകനുമാണ് രമേശ് പിഷാരടി. ഈ ഇടയ്ക്കു പുറത്തിറങ്ങിയ ചിത്രങ്ങൾ ആണ് ഷൈലോക്ക്, ബിഗ് ബ്രദര്‍. സിനിമ കാണുമ്പോൾ അഭിപ്രായം പറയുന്നതുമെല്ലാം നല്ലതു തന്നെയാണ്. എന്നാൽ കളിയാക്കുന്നത് ഒരു മോശം പ്രവണതയാണ്.
ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് രമേശ് പിഷാരടി. വിമർശനങ്ങൾക്കുനേരെ തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി പറയുന്നത്. ഷൈലോക്കിനെ പ്രശംസിച്ച് സംവിധായകന് എബ്രിഡ് ഷൈന്‍ എഴുതിയ ഒരു കത്ത് പങ്കുവച്ചായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.
രമേഷ് പിഷാരടിയുടെ കുറിപ്പു വായിക്കാം:
എല്ലാത്തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവനു ഇഷ്ടമുള്ള സിനിമകള്‍ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട. പൈസ മുടക്കിയാണ് കാണുന്നത് അതുകൊണ്ട് അഭിപ്രായം പറയാം പറയണം .. അഭിപ്രായവും അധിക്ഷേപവും ഒന്നല്ല ! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അതു കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല .(15 വര്‍ഷത്തെ ടാക്സ് അടച്ചു; കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തിയറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം) ഓരോ വര്‍ഷവും 20ല്‍ താഴെയാണ് വിജയശതമാനം. എന്നിട്ടും സ്വപനങ്ങള്‍ മുന്നോട്ടു നയിച്ച് ഒരുപാടു പേര് ഇവിടെയെത്തും..
എല്ലാ കളിയിലും സച്ചിന് സെഞ്ചുറി അടിച്ചിട്ടില്ല. എ.ആര്. റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റല്ല. അത് കൊണ്ട് അവര്‍ പ്രതിഭ ഇല്ലാത്തവരാകുന്നില്ല. ഉത്സവ പറമ്പുകളില്‍ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാന്‍ പോയത് മുതല്‍ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വര്‍ഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാന്‍ …സിദ്ദിഖ് സാറും അജയ്വാസുദേവും എല്ലാം സിനിമാ സ്നേഹികളുടെ ഭാഗത്തു നിന്നും നേരിടുന്ന അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം കാണുമ്പോള്‍ ഒന്ന് പറയാതെ വയ്യ, സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം.
ഇത് എഴുതാന്‍ പ്രേരണ ആയത്; നായകനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റര്‍ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്.