ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം പൂർത്തിയായി. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു വീഡിയോ പങ്കുവെച്ച് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ. സിനിമയിലെ തന്റെ കഥാപാത്രം പോലെ തോന്നിക്കുന്ന ഒരു ഡയലോഗ് സ്റ്റൈലിഷ് ആയിട്ടാണ് ദുൽഖർ പറയുന്നത്. 95 ദിവസത്തെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ അവസാനിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ‘കിംഗ് ഓഫ് കൊത്ത’ ഓണക്കാലത്ത് തിയേറ്ററുകളിലെത്തും.