നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാല നിയമവിഭാഗം മേധാവി ഷീനയും രണ്ടാം വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ദമ്പതികളുടെ മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവർ മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷികളായിരുന്നു. വിവാഹ ജീവിതത്തിന്റെ 28-ാം വർഷത്തിലായിരുന്നു രണ്ടാം വിവാഹം.
1994 ഒക്‌ടോബർ ആറിന് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ആദ്യമായി വിവാഹിതരായത്. എന്നാൽ, മുസ്ലീം പിന്തുടർച്ചാവകാശ നിയമപ്രകാരം, ആൺമക്കളുണ്ടെങ്കിൽ മാത്രമേ മുഴുവൻ സ്വത്തും കൈമാറ്റം ചെയ്യാൻ കഴിയൂ. ഇല്ലെങ്കിൽ സ്വത്തിന്റെ രണ്ട് ഓഹരി മക്കൾക്കും ഒരു വിഹിതം സഹോദരങ്ങൾക്കും ലഭിക്കും. ദമ്പതികൾക്ക് മൂന്ന് പെൺമക്കളുണ്ട്. മുഴുവൻ സ്വത്തും മക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നതെന്ന് ഷുക്കൂർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.