നടി സണ്ണി ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ജീവനക്കാരൻ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ആഗ്രഹിക്കുന്നതായി കേരള ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു. സണ്ണി ക്രിമിനൽ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അനാവശ്യമായി പീഡിപ്പിക്കപ്പെടുകയായിരുന്നെന്നും വാക്കാൽ പറഞ്ഞു.
“ഇതിലെ ക്രിമിനൽ കുറ്റം എന്താണ്? നിങ്ങൾ ആ വ്യക്തിയെ (സണ്ണി) അനാവശ്യമായി ഉപദ്രവിക്കുകയാണ്. ഇത് റദ്ദാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബെഞ്ച് അഭിപ്രായപ്പെട്ടു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് 31ലേക്ക് മാറ്റി.
പരിപാടികളിൽ ഹാജരാകാനും അവതരിപ്പിക്കാനും സണ്ണി ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയെന്നാരോപിച്ച് കേരളം ആസ്ഥാനമായുള്ള ഇവന്റ് മാനേജരുടെ പരാതിയിൽ വഞ്ചിച്ചതിന് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്ന് 2022 നവംബർ 16 ന് മൂന്ന് പേർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു..
തങ്ങൾ നിരപരാധികളാണെന്നും ആരോപണങ്ങൾ മുഖവിലയ്‌ക്കെടുത്താലും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കാണിച്ചാണ് സണ്ണിയും മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർ കാരണം പരാതിക്കാരന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും എന്നാൽ ഹർജിക്കാരുടെ ജീവിതത്തെ കേസ് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവരുടെ ഹർജിയിൽ പറയുന്നു.
പരാതിക്കാർ ഇതേ ആരോപണങ്ങളുമായി സിവിൽ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ 2022 ജൂലൈയിൽ മജിസ്‌ട്രേറ്റ് കോടതി അത് തള്ളിക്കളഞ്ഞതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.