അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ തമിഴ് നടൻ പൊന്നമ്പലം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സഹോദരൻ തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിച്ചിരുന്നു.
“മദ്യപാനം മൂലം എന്റെ വൃക്കകൾ തകരാറിലായിട്ടില്ല. അച്ഛന് നാല് ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയിൽ നിന്നുള്ള എന്റെ അർദ്ധസഹോദരൻ എന്റെ മാനേജരായി ജോലി ചെയ്തിരുന്നു. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു. എന്നിട്ടും, ഒരു ദിവസം ഇയാൾ എന്റെ ബിയറിൽ വിഷം കലർത്തി, അത് എന്റെ വൃക്കകളെ പ്രതികൂലമായി ബാധിച്ചു, ”നടൻ പറഞ്ഞു.
തന്റെ അർദ്ധസഹോദരൻ ഭക്ഷണത്തിൽ വിഷം കലർത്തുന്നത് തുടർന്നുവെന്നും ഡോക്ടർമാരാണ് തിരിച്ചറിഞ്ഞതെന്നും പൊന്നമ്പലം ആരോപിച്ചു. കൂടാതെ, സഹോദരൻ തനിക്കെതിരെ മന്ത്രവാദം നടത്തിയെന്നും താരം ആരോപിച്ചു.
“1500ഓളം സിനിമകളിൽ പഞ്ച് ചെയ്ത് ഹിറ്റായി ഞാൻ സമ്പാദിച്ചതെല്ലാം എന്റെ കുടുംബത്തിന് വേണ്ടിയാണ്. എന്റെ സഹോദരൻ എന്നോട് ഇത് ചെയ്തുവെന്ന് അറിഞ്ഞപ്പോൾ, അത് എന്നെ വല്ലാതെ വേദനിപ്പിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റണ്ട്മാനായി കരിയർ ആരംഭിച്ച പൊന്നമ്പലം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.