പ്രിയ നടനും മുൻ ലോക്‌സഭാ എംപിയുമായ ഇന്നസെന്റിനോട് മലയാളികൾ ചൊവ്വാഴ്ച വിടപറഞ്ഞു. തൃശൂർ ഇരിഞ്ഞാലക്കുട സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ രാവിലെ 10 മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.
മാർച്ച് 26 ന് 75-ആം വയസ്സിൽ അന്തരിച്ച ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. അദ്ദേഹത്തിന്റെ വസതിയായ ‘പാർപ്പിടത്തിൽ’ നിന്ന് ആരംഭിച്ച ശവസംസ്കാര ഘോഷയാത്ര പള്ളി അങ്കണത്തിലെത്തി. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകർമങ്ങൾ.
ദിലീപ്, ഇടവേള ബാബു, സത്യൻ അന്തിക്കാട്, കാവ്യാ മാധവൻ, സായ് കുമാർ, ബിന്ദു പണിക്കർ, ജോജു ജോർജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ എന്നിവരും അന്തിമോപചാരം അർപ്പിക്കാനെത്തി.
അർബുദത്തെ അതിജീവിച്ച നടൻ കുറച്ചുകാലമായി സുഖമില്ലായിരുന്നുവെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മാർച്ച് 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. പല അവയവങ്ങളും പ്രവർത്തനരഹിതമായതും ഹൃദയാഘാതവുമാണ് താരത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.