അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അദിതി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. കൊച്ചി ലുലു മാളിലാണ് ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. അർജുൻ അശോകൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, സംവിധായകൻ മനോജ് വാസുദേവ്, നിർമ്മാതാവ് എം കെ നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംവിധായകൻ മനോജ് വാസുദേവിന്റെ അരങ്ങേറ്റ ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസറാണ് നിർമ്മാണം. കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം ശക്തമായ ഒരു സാമൂഹിക പ്രശ്നവും ചർച്ച ചെയ്യുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചത്. മധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രം ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു. സൗഹൃദത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവർ നടത്തുന്ന യാത്രയുമാണ് പ്രധാന പ്രമേയം.
സേതുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്ദുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷ വിശ്വനാഥ്, നൈന, രക്ഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രാഹകൻ- പ്രദീപ് നായർ, എഡിറ്റർ- ലിജോ പോൾ.