ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലുടെ പ്രേക്ഷകരുടെ ഹൃദയം കവർന്നവരാണ് ബാലുവും നീലുവും. ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആദ്യ സിനിമയാണ് ‘ലെയ്ക്ക’. ഈ സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്. ഈ ചിത്രം നവാഗതനായ ആഷാദ് ശിവരാമനാണ് സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ മികച്ച ടെലിഫിലിമിനും സംവിധായകനുമുള്ള സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന് പുരസ്കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്. ഈ കഥയിലെ കേന്ദ്ര പശ്ചാത്തലം ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ്
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായിട്ട് നിഷ എത്തുമ്പോൾ ഇവർക്കിടയിൽ കഥയുടെ രസച്ചരടു മുറുക്കി വേറെയൊരു മുഖ്യ കഥാപാത്രമായെത്തുന്നത് ടിങ്കു എന്ന നായയാണ്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് ‘ലെയ്ക്ക’. ഇവന്റെ പിൻമുറക്കാരനാണ് ഈ ലെയ്ക്ക എന്നാണ് അവകാശമുന്നയിക്കുന്നത്. നായയുടെ കഥാപാത്രം സിനിമയുടെ ടൈറ്റിൽ ക്യാരക്ടറായതിനാൽതന്നെ കഥയിൽ ലെയ്ക്കയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കരുതാൻ സാധിക്കും.
തമിഴ് നടനായ നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്നി, നന്ദന വർമ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഏറെ ഹിറ്റ് സിനിമകള്ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള പി.സുകുമാറാണ് ഛായാഗ്രഹണം. ഗാനങ്ങൾ: ബി.ടി.അനിൽകുമാർ, ശാന്തൻ, പി. മുരളീധരൻ, സംഗീതം: സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണിക്കൃഷ്ണൻ. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: കെ.ജി.ഷൈജു, കോസ്റ്റിയൂം ഡിസൈൻ: രതീഷ്, മേക്കപ്: അനിൽ നേമം, പ്രൊഡക്ഷൻ കൺട്രോളർ: മുരുകൻ എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിജയ് ജി.എസ്. വി.പി.എസ്. ആൻഡ് സൺസ് മീഡിയയുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവർ ചേർന്നാണ് ലെയ്ക്ക എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.