ജയഭാരതിയുടെ വീട്ടിൽ മോഷണം; മലയാളികൾ അടക്കം പിടിയിൽ

ചെന്നൈ: നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ള സംഘം പിടിയിലായി. 31 പവൻ സ്വർണാഭരണമാണ് ഇവർ അവിടെനിന്ന് കവർന്നത്. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പൊലീസ് ഇവരെ പിടിച്ചത്. സെക്യൂറിറ്റി ജീവനക്കാരനും ഇയാളെ സഹായിച്ച മലയാളി ഡ്രൈവറുമടക്കമുള്ളവരെയാണ് പിടിച്ചത്.

ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്‌സി ഡ്രൈവറായ ഇബ്രാഹിമാണ് പിടിയിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്. മാര്‍ച്ച് ഏഴിനായിരുന്നു ജയഭാരതി നുങ്കംപാക്കത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്. സ്വര്‍ണമടക്കമുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു നടിയുടെ പരാതിയിൽ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റി ജോലിക്കാരനായി ജയഭാരതിയുടെ വീട്ടിലെത്തിയ ബഹദൂറാണ് പ്രധാനപ്രതി. ജയഭാരതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണമടക്കമുള്ളവ വില്‍ക്കാന്‍ സഹായിച്ചതിനാണ് മലയാളി ഡ്രൈവര്‍ ഇബ്രാഹിം പിടിക്കപ്പെട്ടത്. ബഹദൂര്‍ അടുത്തിടെ പെട്ടെന്ന് ജോലി മതിയാക്കിപോയിരുന്നു. ഇതാണ് പൊലീസിന് സംശയമുണ്ടാകാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!