ഇതുവരെ എത്തിയ തന്റെ ജീവിതത്തെ കുറിച്ച് ടൊവിനോയുടെ വാക്കുകൾ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. സിനിമയിലേക്ക് ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന്‍ എങ്ങനെയെത്തി എന്ന് അദ്ദേഹം തന്നെ പറയുകയാണ്.

ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ;

‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് തന്നെയാണ് സത്യസന്ധമായ ഉത്തരം. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപാട് പേരുടെ സഹായം, ഭാഗ്യം, എന്റെ കുറച്ച് പരിശ്രമം ഇതെല്ലാം ഇതിന്റെ പുറകില്‍ ഉണ്ടായിട്ടുണ്ട്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സിനിമയിലേക്ക് വരണം എന്നാഗ്രഹിച്ചത് മുതല്‍ ഇന്ന് വരെ ഉള്ള യാത്ര അത്യാവശ്യം സംഭവ ബഹുലമായിരുന്നു. ജീവിച്ചു എന്ന് പറയാം. നല്ല രസമായി കുറച്ചു കാലം ജീവിച്ചു. എന്റെ സ്വപ്നമാണ് ഞാനിപ്പോള്‍ ജീവിച്ചു പോകുന്നത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ വ്യക്തമാക്കി.

ആല്‍കെമിസ്റ്റില്‍ പറഞ്ഞ പോലെ നമുക്കൊപ്പം ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നില്ലേ. വളരെ അപരിചിതരായ ആളുകള്‍ വരെ പിന്തുണച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സഹായം കിട്ടിയിട്ടുണ്ട്. ആ ഒരു നന്ദി എപ്പോഴുമുണ്ട്. അതുകൊണ്ടൊക്കെയാണ് ഇവിടെ വരെ എത്തിയത്. പിന്നെ എല്ലാവരും അവരുടെ ജീവിതത്തില്‍ ചെയ്തിരിക്കേണ്ട ഒന്നാണ് ഈ പരിശ്രമം എന്ന് പറയുന്നത്. എന്റെ അടുത്ത് ആര് ചോദിച്ചാലും അഭിമാനത്തോടെ എനിക്ക് പറയാം ഞാന്‍ എന്റെ സ്വപ്നമാണ് ജീവിച്ചു പോകുന്നതെന്ന്. ഞാന്‍ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു, ലോകം മുഴുവന്‍ കൂടെ നിന്നു, അതുകൊണ്ട് ഇവിടെ വരെ എത്തി. ഇതേപോലെ ആര് പരിശ്രമിച്ചാലും ലോകം മുഴുവന്‍ കൂടെ നില്‍ക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!