”ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാം”- വിജിത്ത് നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അന്യഭാഷ ചിത്രങ്ങളുടെ റിലീസ് പ്രമാണിച്ച് കേരളത്തില്‍ മലയാള സിനിമയ്ക്ക് തിയേറ്റര്‍ പോലും കിട്ടാത്തത് വളരെ മോശം അവസ്ഥയാണെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യര്‍ പറയുന്നു. വലിയ താരങ്ങള്‍ ഇല്ലാത്ത മലയാള സിനിമകള്‍ക്ക് അവസരം കുറഞ്ഞ് വരികയാണെന്നും അത് നാശത്തിലേക്കുള്ള പോക്കാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറയുകയാണ്.

വിജിത്ത് നമ്പ്യാരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാം..

ഒരു കാലത്തു കേരളത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമുക്കത് ഒരു ആഘോഷമായിരുന്നു. ഇതില്‍ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതല്‍ പതിനഞ്ചോളം സിനിമകള്‍. അതില്‍ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് പിന്നെ ഇതിന്‍ടെയൊക്കെ റീമേക്കും ഉണ്ടാകും. ഇത് കാരണം വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തീയേറ്ററും കുറഞ്ഞു. ഒരു തീയേറ്ററിയില്‍ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോള്‍ നാല് വെവ്വേറെ സിനിമയായി മാറി. ഇതില്‍ ജനങ്ങള്‍ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഫാന്‍സ്‌കാരും. ഇതും കേട്ട് തീയേറ്ററില്‍ പോയാലോ മിക്ക സിനിമയും ഒരു വന്‍ ദുരന്തമായിരിക്കും. എന്നാല്‍ തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു തീയേറ്റര്‍ സപ്പോര്‍ട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാന്‍ വരുന്ന ആളുകളെ തീയേറ്ററുകാര്‍ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും…

ഇത് കേരളത്തിന്റെ കാര്യം. എത്ര മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളികും റിലീസ് ചെയ്യാന്‍ പറ്റുന്നു? വളരെ ചുരുക്കം…എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് സിനിമകള്‍ മാത്രം റിലീസ് ചെയ്താല്‍ മതി …മലയാളം വേണ്ട…എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിലും തീയേറ്ററുകാരുടെ ഈ താല്പര്യമില്ലായ്മ കാണാം പറ്റും. ഈ അന്യ ഭാഷ സിനിമകള്‍ക്കും, അവിടുത്തെ താരങ്ങള്‍ക്കും ഇവിടെ കേരളത്തില്‍ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

ഫാമിലികള്‍ക്ക് ഇപ്പോഴും പ്രിയം ടീവിയില്‍ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാര്‍ത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തീയേറ്ററിയില്‍ പോകേണ്ട വല്ല ആവശ്യമുണ്ടോ?

നമുക്ക് പ്രാര്‍ത്ഥിക്കാം എത്രയും വേഗം മലയാള സിനിമയുടെ ഈ സര്‍വ നാശത്തിനു വേണ്ടി…തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് അരങ്ങു വാഴട്ടെ… കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!