ലോക മലയാളി പ്രേക്ഷകര്‍ ആകാംഷയോടെയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ കൊറോണ ഭീതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെച്ചു. മാര്‍ച്ച് 31 വരെ തീയേറ്ററുകള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. പുതിയ റിലീസ് തീയതി എന്ന് ഉണ്ടാകുമെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല . ചിത്രം ഈ മാസം 19ന് നാവികസേനയ്ക്ക് വേണ്ടി മാത്രം പ്രത്യേകമായി റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ കാര്യത്തില്‍ തീരുമാനമില്ല. മോഹന്‍ലാല്‍ നല്കിയ പുതിയ അഭിമുഖത്തിലാണ് നാവികസേനയ്ക്ക് വേണ്ടി മാത്രമുള്ള പ്രദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. നാവിക സേനയ്ക്ക് വേണ്ടി മാത്രമായുള്ള മരയ്ക്കാറിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം ചിത്രം ഇന്ത്യന്‍ നാവിക സേനയ്ക്ക് സമര്‍പ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം . നാവികസേനയുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ സേനയ്ക്ക് ചിത്രം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ സേനയുടെ അനുമതിക്ക് വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കാത്തിരിക്കുകയാണ് എന്നും അറിയിച്ചു.
