ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പരിചയമുള്ള ഒരു മുഖമാണ് ലക്ഷ്മിപ്രിയയുടേത്. ‘കഥ തുടരുന്നു’ എന്ന ജയറാം സിനിമയിൽ തന്റേടിയായ മല്ലിക എന്ന കഥാപാത്രത്തെ ഓർക്കുന്നില്ലേ? നെറികേടുകളെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്യുമ്പോഴും ഉള്ളിൽ സ്നേഹമെന്ന വികാരത്തിന് അടിപ്പെട്ടു പോകുന്നവളാണ് ഈ മല്ലിക. ജീവിതത്തിൽ ഒരുപക്ഷേ ആ കഥാപാത്രത്തോട് ലക്ഷ്മിപ്രിയയ്ക്ക് സാമ്യം കൂടുതലായിരിക്കും. താരത്തിന്റെ ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല’ എന്ന ആ പുസ്തകം ചര്‍ച്ചയാകുകയാണ്. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങൾ ആണ് പുസ്തകമെഴുതാന്‍ പ്രേരണയായതെന്ന് ലക്ഷ്മിപ്രിയ തുറന്നു പറയുന്നു.
‘വളരെ ചെറുപ്പം മുതലെ ഗൗരവത്തോടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് എഴുതണം എന്ന ആഗ്രഹം മനസിലുദിച്ചത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളുണ്ട്. അവയെകുറിച്ച് തുറന്നെഴുതണമെന്ന് തോന്നി. സമൂഹത്തില്‍ നടക്കുന്ന നീച പ്രവര്‍ത്തികള്‍ കണ്ടപ്പോല്‍ ഇനിയും എഴുത്ത് വൈകിച്ചൂടാ എന്ന തോന്നല്‍ മനസിലുടലെടുത്തു.’
‘വിവാഹമോചനമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. അതിന്റെ ഇരയാണ് ഞാനും. എനിക്ക് രണ്ടര വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അമ്മയുടെ സ്നേഹം കിട്ടാതെ വളര്‍ന്ന് ഒരു കുട്ടിയാണ് ഞാന്‍. സങ്കടവും ദുരിതവും മാത്രം നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. എന്റെ അമ്മ എന്നെ സ്നേഹിക്കുന്നതായി എത്രയോ രാത്രികളില്‍ ഞാന്‍ സ്വപനം കണ്ടിട്ടുണ്ട്. ജീവിച്ചിരുന്നിട്ടും അമ്മ എന്നെ തിരിഞ്ഞു നോക്കിയില്ല. എനിക്ക് കിട്ടാത്ത സ്നേഹം ഞാന്‍ എന്റെ മകള്‍ക്ക് ആവോളം നല്‍കുന്നുണ്ട്. ഇതെല്ലാം എഴുതണമെന്ന് തോന്നി. എന്റെ ജീവിതം തന്നെയാണ് പുസ്തകത്തിലൂടെ പറഞ്ഞത്.’ ലക്ഷ്മിപ്രിയ പറയുന്നു.