പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന സഹ താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി. നടൻ ലോഗേഷിനെയും കുടുംബത്തെയും സന്ദർശിച്ച് അദ്ദേഹം ധനസഹായം കൊടുത്തു.
വിജയ് സേതുപതിയുടെ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ഒരു ചെറിയ രംഗത്തിൽ വീജെയും നടനുമായ ലോഗേഷ് ഉണ്ടായിരുന്നു.
ആദ്യമായല്ല വിജയ് സേതുപതി സഹായം വാഗ്ദാനം ചെയ്യുന്നത്. 2017 ൽ വിജയ് സേതുപതി 50 ലക്ഷം രൂപ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനായി നൽകിയിരുന്നു. അരിയലൂർ ജില്ലയിലെ 774 അംഗൻവാടികൾക്കും, തമിഴ്നാട്ടിലെ ബധിരർക്കായുള്ള 11 സ്കൂളുകൾക്കും അദ്ദേഹം സംഭാവന നൽകി. പന്ത്രണ്ടാം ക്ലാസ് സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ 1,200 മാർക്കിൽ 1,176 മാർക്ക് നേടി പക്ഷേ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) മതിയായ സ്കോർ ഇല്ലാത്തതിനാൽ ജീവിതം അവസാനിപ്പിച്ച അരിയലൂർ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ സ്മരണയ്ക്കായായിരുന്നു അദ്ദേഹം ഈ തുക സംഭാവന നൽകിയത്.
ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദയിലൂടെ വിജയ് സേതുപതി ഹിന്ദി ചലച്ചിത്ര രംഗത്തെത്തും. ഈ വേഷത്തിനായി 25 കിലോ ഭാരം കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് വിജയ് സേതുപതി. അദ്ദേഹം ഒരു സൈനികനായിട്ടും വേഷമിടുന്നുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് വിജയ് സേതുപതി തന്റെ ചിത്രമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ചിത്രീകരണത്തിന്റെ അവസാന ദിവസം വിജയ് സേതുപതി വിജയിയുടെ കവിളിൽ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.