മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും അധികം കൂളിംഗ് ഗ്ലാസ് വയ്ക്കണ ആളാണ് പൃഥ്വി; “അടുത്ത സിനിമയിലേക്ക് എന്നെ വിളിക്കൂ, അപ്പോൾ ഇത് തിരിച്ചു തരാം,” ..പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ‘നൈസായി’ അടിച്ചുമാറ്റിയ ജയറാം..

വനിത അവാർഡ് നൈറ്റിനിടെ വേദിയിൽ വെച്ച് പൃഥ്വിരാജിന്റെ കൂളിംഗ് ഗ്ലാസ് ‘നൈസായി’ അടിച്ചുമാറ്റിയ ജയറാമിന്റെ വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ഏറെ ശ്രദ്ധ നേടുന്നത്. മികച്ച സംവിധായകനുള്ള അവാർഡ് പ്രഖ്യാപിക്കാൻ വേണ്ടി വേദിയിലെത്തിയതായിരുന്നു ജയറാം. ഇതിന്റെ ഇടയിൽ നടന്ന രസകരമായ ഓർമ്മപുതുക്കലുകളാണ് പറയുന്നത്.

“അവാർഡ് കൊടുക്കാൻ വരട്ടെ, അതിനു മുൻപ് ഒരു പഴയ പ്രതികാരം ഒന്നു തീർത്തോട്ടെ,” എന്ന മുഖവുരയോടെ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ളൊരു കഥ ജയറാം പ്രേക്ഷകരുമായി പങ്കുവെച്ചു.

“എന്റെ ഓർമ ശരിയാണെങ്കിൽ 30 വർഷം മുൻപാണ്. ‘വിറ്റ്നസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സുകുവേട്ടൻ പറഞ്ഞു, എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണം. ഞാൻ വീട്ടിൽ ചെന്നപ്പോൾ, കുട്ടികൾ സ്കൂളിൽ നിന്ന് വരാറായി ഒന്നു വെയ്റ്റ് ചെയ്താൽ കണ്ടിട്ട് പോവാമെന്നായി. ഞാൻ വെയ്റ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ, നിക്കറൊക്കെയിട്ട് ടൈ കെട്ടി രണ്ട് കുട്ടികൾ വന്നു, ഇന്ദ്രനെയും പൃഥ്വിയേയും ഞാൻ പൊക്കിയെടുത്ത് ഫോട്ടോ ഒക്കെയെടുത്തു. എന്നാൽ ഞാനിറങ്ങിക്കോട്ടെ സുകുവേട്ടാ എന്നു ചോദിച്ചപ്പോൾ അങ്ങനെയങ്ങ് പോയാലെങ്ങനെ, തരാനുള്ളത് തന്നിട്ടല്ലേ പോവാൻ പാടുള്ളൂ എന്നായി അദ്ദേഹം.”

“അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോൾ സുകുവേട്ടൻ പറഞ്ഞു, ഇവിടെ ആരു വന്നാലും, മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഒരു ചടങ്ങുണ്ട്. എന്തെങ്കിലും ഒരു സാധനം എനിക്ക് തന്നിട്ടെ പോകാവൂ, അത് അറിയില്ലായിരുന്നോ?”

“അതെനിക്ക് അറിയില്ലായിരുന്നു എന്റെ കയ്യിൽ ഇപ്പോൾ ഒന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ, “ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് എടുക്കൂ, അത് തന്നിട്ട് പോവണമെന്നു പറഞ്ഞു സുകുവേട്ടൻ. ഞാനാശിച്ച് വാങ്ങിച്ച കൂളിംഗ് ഗ്ലാസ് ആയിരുന്നു. അത് അദ്ദേഹം എടുത്തു. പിന്നീട് ഒരുപാട് തവണ ഇന്ദ്രനെയും പൃഥ്വിയേയും കണ്ടപ്പോൾ അന്ന് നിങ്ങൾ പോയി കഴിഞ്ഞപ്പോൾ ഞങ്ങളക്കാര്യം പറഞ്ഞ് ഒരുപാട് ചിരിച്ചെന്ന് അവർ പറഞ്ഞിട്ടുണ്ട്.”

“ആ കടം ഞാനിന്ന് വീട്ടുകയാ, ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് തിരിച്ചു തന്നിട്ട് പോയാ മതി മോനെ,” ജയറാം പറഞ്ഞു. പൃഥ്വിരാജിന്റെ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസ്സ് എടുത്ത് ജയറാം മുഖത്തുവച്ചു വെച്ചപ്പോൾ ആൾക്കൂട്ടവും കയ്യടിച്ചു. “അയ്യോ, എന്റെ ബ്ലൂടൂത്ത് കൂളിംഗ് ഗ്ലാസ്,” എന്നായിരുന്നു ചിരിയോടെ പൃഥ്വിരാജിന്റെ മറുപടി.

മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും അധികം കൂളിംഗ് ഗ്ലാസ് വയ്ക്കണ ആളാണ് പൃഥ്വിയെന്നും ജയറാം പറയുകയുണ്ടായി.“അടുത്ത സിനിമയിലേക്ക് എന്നെ വിളിക്കൂ, അപ്പോൾ ഇത് തിരിച്ചു തരാം,” എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!