പ്രിയ താരം ആലിയ ഭട്ടിനെ ആരാധകര്‍ വിളിക്കുന്നത് ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ എന്നാണ്.വളരെ കുറച്ച് സമയം കൊണ്ടുതന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ് ആലിയ. അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും താരം വളരെയേറെ മുന്നിലാണ്. ഇന്ന് താരത്തിന്റെ ഇരുപത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ്.
1993 മാർച്ച് 15ന് മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായിട്ടാണ് ആലിയ ഭട്ട് ജനിച്ചത്. 1999 ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലൂടെയാണ് താരം എത്തുന്നത്. കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ താരം ചുവടുറപ്പിച്ചത്.
സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളിൽ ആലിയ നായികയായി അഭിനയിച്ചു. 2 സ്റ്റേറ്റ്സ്(2014), ഹംറ്റി ശർമ കി ദുൽഹാനിയ (2014), കപൂർ ആന്റ് സൺസ് (2016), ഡിയർ സിന്ദഗി(2016) എന്നിവ ഇവയിൽ ചിലതാണ്. ഹൈവേ (2014) എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിമർശക പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയം മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്തു താരത്തിന്. ഉഡ്താ പഞ്ചാബ് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു.
സിനിമക്ക് പുറമെ ആലിയ സ്വന്തമായി സ്ത്രീകൾക്കുള്ള വസ്ത്രങ്ങളുടെ ബ്രാൻഡ് ഇറക്കിയിട്ടുണ്ട്. കൂടാതെ ആറ് സിനിമാ ഗാനങ്ങൾ ആലിയ പാടിയതാണ്.