ലോകത്താകെ കോവിഡ് 19 പിടിപെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് വളരെ അധികം ബാധിച്ചിരിക്കുന്നത് ദിവസക്കൂലിക്കാരെയാണെന്ന് നടി കാജല്‍ അഗര്‍വാള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയാണ്.
കാജലിന്റെ വാക്കുകള്‍
‘ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്. ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ.ഈ വൈറസ് നമ്മെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ദിവസക്കൂലി കൈയില്‍ വാങ്ങുന്ന ഇവരെപ്പോലെയുള്ളവരാണ്. ഞാനയാള്‍ക്ക് 500 രൂപ കൂടുതല്‍ കൊടുത്തു. അതൊരു വലിയ കാര്യമല്ലായിരിക്കാം. നമ്മള് അവര്‍ക്കുവേണ്ടി ഇതിലധികം ചെയ്യണം. അവസാന യാത്രക്കാരന് ഇറങ്ങിപ്പോയ ശേഷം അയാള്‍ 70 കിലോമീറ്ററിലധികമായി യാത്ര ചെയ്യുന്നുവെന്ന് എനിക്ക് കാണിച്ചു തന്നു. നിങ്ങളുടെ കാര്‍ ഡ്രൈവര്‍മാര്‍ക്കും വഴിയോരക്കച്ചവടക്കാര്ക്കുമെല്ലാം കുറച്ചുകൂടി പണം നല്‍കൂ. ചിലപ്പോള്‍ നിങ്ങളായിരിക്കും അന്നേ ദിവസത്തെ അയാളുടെ അവസാന കസ്റ്റമര്‍.’