ഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളീവുഡ് ഗായിക കനിക കപൂറിനൊപ്പം ഡിന്നർ പാർട്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകനും നിരീക്ഷണത്തിൽ കഴിയുന്നു. വസുന്ധര തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ലഖ്നൗവിൽ കഴിഞ്ഞ ദിവസമാണ് പരിപാടി നടന്നത്. മകൻ ദുഷ്യന്തിനും അദ്ദേഹത്തിന്റെ ഭാര്യയുടെ കുടുംബത്തിനും ഒപ്പമായിരുന്നു ഇവർ പരിപാടിയിൽ പങ്കെടുത്തത്. കനികയും ഡിന്നറിന് എത്തിയിരുന്നു. കനികയ്ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതലെന്നോണം താനും മകനും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്നാണ് വസുന്ധരയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആവശ്യമായ എല്ലാ മുൻകരുതലുകളും തങ്ങൾ സ്വീകരിച്ചതായും അവർ വ്യക്തമാക്കിയിരുന്നു.
