ലക്നോ: കൊറോണ വൈറസ് ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ ലക്നോ പോലീസ് കേസെടുത്തു.
കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഐസൊലേറ്റ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടും അതിനു തയാറാകാതെ പൊതുസ്ഥലത്ത് മറ്റുള്ളവരുമായി ഇടപെട്ടതിനെതിരെയാണ് പോലീസ് കേസ്. പോലീസ് പറയുന്നതനുസരിച്ച് കനികയ്ക്ക് ബ്രിട്ടനില്‍ നിന്ന് എത്തിയപ്പോള്‍ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ചയാണ് കനിക ലണ്ടനില്‍ നിന്നു ലക്നോവില്‍ വരുന്നത്.
കൊറോണ പരിശോധനാ ഫലം പോസിറ്റീവാണെന്നു ഗായിക തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്. തുടർന്ന് കനികയെ ലക്നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിലക്ഷണത്തെത്തുടര്ന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണ് എന്ന് കണ്ടെത്തിയത്. ലണ്ടനില്‍നിന്നു മടങ്ങിവന്നെങ്കിലും ഇവര്‍ യാത്രാവിവരം പറഞ്ഞിരുന്നില്ല. മാത്രമല്ല സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ളവര്‍ ഈ പാര്‍ട്ടിയില്‍ വന്നിരുന്നു. കനികയുടെ പിതാവിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കനിക കപുര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗ് ലോക്സഭയില്‍ വന്നിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജസ്ഥാനില്‍ നിന്നുള്ള എംപിമാര്‍ക്ക് നല്കിയ വിരുന്നിലും കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ദുഷ്യന്ത് സിംഗ് ഉണ്ടായിരുന്നു.
ദുഷ്യന്ത് സിംഗും അമ്മയും മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു . രാജ്യസഭയില്‍ ദുഷ്യന്ത് സിംഗിന്റെ അടുത്തിരുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിൽ പ്രവേശിച്ചു . ദുഷ്യന്ത് സിംഗ് ബിജെപി ലോക്സഭ എംപി വരുണ്‍ ഗാന്ധിയുമായി ഇടപഴകിയിരുന്നു. ദീപേന്ദര്‍ ഹൂഡ, അനുപ്രിയ പട്ടേല്‍, ജിതിന് പ്രസാദ തുടങ്ങിയവരും നിരീക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്.