” നോ കിഡ് ഹങ്ക്രി” ഏഴരക്കോടി സംഭാവന നൽകി ആഞ്ജലീന ജോളി

കൊറോണയിൽ ലോകം വിറങ്ങലിച്ച നിൽക്കുമ്പോൾ പല സെലിബ്രിറ്റികളും ആളുകളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് ഇറങ്ങിയിട്ടുണ്ട്. അതിനിടെ വിശക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. സ്‌കൂളുകൾ അടച്ചതിനാൽ അവിടെ നിന്ന് പോലുമുള്ള ആഹാരം പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കിട്ടാക്കനിയായിരിക്കുകയാണ്. ഇത് കണ്ടറിഞ്ഞ് ഏഴരക്കോടി രൂപയാണ് ആഞ്ജലീന സംഭാവനയായി നൽകിയത്. നോ കിഡ് ഹങ്ക്രി എന്ന സന്നദ്ധ സംഘടനയ്ക്കാണ് പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനുള്ള തുക ആഞ്ജലീന ജോളി കൈമാറിയത്.

‘കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായി സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് സമയത്തിന് ആഹാരം പോലും ലഭിക്കാത്ത നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. അമേരിക്കയിൽ ഇത്തരത്തിൽ പട്ടിണി അനുഭവിക്കുന്ന 22 ദശലക്ഷം കുട്ടികളുണ്ടെന്ന് ചില കണക്കുകളിൽ പറയുന്നു. അങ്ങനെ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് താങ്ങായാണ് ഈ സംഘടന.’ ഒരു മാധ്യമത്തോട് നടി പറഞ്ഞു. നേരത്തെ തന്നെ ആളുകളെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത സിനിമാ താരമാണ് ആഞ്ജലീന ജോളി. ആഞ്ജലീനയെ കൂടാതെ നിരവധി ഹോളിവുഡ് താരങ്ങൾ സഹായവുമായി കൊറോണ വെെറസ് വ്യാപനത്തെ തുടര്‍ന്ന് മുന്നോട്ട് വന്നിട്ടുണ്ട്. റെഹാന, അർനോൾഡ് ഷ്വാസനേഗർ, റയാൻ റെനോൾഡ്‌സ് എന്നിവരും അതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!