സോംബി ചിത്രങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ഹിറ്റായ ദക്ഷിണ കൊറിയൻ ചിത്രമായിരുന്നു ‘ട്രെയിൻ ടു ബുസാൻ’. പ്രേക്ഷകരെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിർത്തിയ ചിത്രം ലോകോത്തരമായി വൻ സ്വീകാര്യത നേടിയ ചിത്രവുമായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്. യെൻ സാങ്-ഹോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പെനിൻസുല’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ട്രെയിൻ ടു ബുസാനിൽ കഥ അവസാനിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് രണ്ടാം ഭാഗവും ആരംഭിക്കുന്നത്.
സോംബികളുടെ കൂട്ടത്തിൽ നിന്നും മകളെ സംരക്ഷിക്കാനായി പോരാട്ടം നടത്തവേ സോമ്പി ബാധിച്ചയാളുടെ കടിയേറ്റ ശേഷം സ്വയം ജീവനൊടുക്കി മകളെ മറ്റൊരു യുവതിയുടെ പക്കൽ കൈമാറി രക്ഷപ്പെടുത്തുന്നയിടത്താണ് ഒന്നാം ഭാഗത്തിലെ കഥ അവസാനിക്കുന്നത്.
നിലവിൽ ദക്ഷിണ കൊറിയയിൽ നിന്നുള്ള ഏറ്റവും വിജയകരമായ സോംബി ഫ്ലിക്കായി ‘ട്രെയിൻ ടു ബുസാൻ’നെ കണക്കാക്കപ്പെടുന്നു. 11.5 ദശലക്ഷത്തിലധികം സിനിമാപ്രേമികളെ സിനിമ ആകർഷിക്കുകയും ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ ഇത് വിജയകരമായ പ്രദർശനം നേടുകയും ചെയ്തു.