സിനിമാ മേഖലയില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയ നടിയാണ് സൈറ വാസിം. എന്നാല്‍ തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്ന് അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് സൈറ.
‘തന്നെയും തന്റെ കഥാപാത്രങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരോടൊക്കെ നന്ദി, പക്ഷേ പ്രശംസ തന്റെ ഇമാനിന് (വിശ്വാസം) എതിരാണ്. അതുകൊണ്ട് എന്റെ നല്ലതിനായി നിങ്ങള്‍ അള്ളാഹുവിനോട് പ്രാര്‍ഥിക്കൂ’ എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ സൈറ പറയുന്നത്.
ബോളിവുഡ് വിടുകയാണെന്ന് അറിയിച്ച് ഈയടുത്താണ് സൈറ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ ഈ ട്വീറ്റ് കണ്ട് നെറ്റി ചുളിക്കുകയാണ് ആരാധകര്‍. പ്രശംസകള്‍ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും മറിച്ച് അത് തന്റെ വിശ്വാസത്തിന് അപകടമുണ്ടാക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
അള്ളാഹുവിന് നിരക്കാത്ത ഒരു പ്രവര്‍ത്തിയും താന്‍ ചെയ്യില്ല. ദൃഢചിത്തയായിരിക്കാനും നല്ലൊരു മുസ്ലീമായി ജീവിക്കാനും മരിക്കാനും തന്നെ അനുവദിക്കണമെന്നും നടി കത്തില്‍ പറയുന്നു. ബോളിവുഡ് നടന് ആമിര്‍ ഖാന്റെ സിനിമയായ ദംഗലിലൂടെയാണ് സൈറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷൊണാലി ബോസ് സംവിധാനം ചെയ്ത ‘ദ് സ്കൈ ഈസ് പിങ്ക്’ എന്ന സിനിമയാണ് സൈറയുടെ അവസാനം ഇറങ്ങിയ സിനിമ.