ബോളിവുഡ് താരമായ ജാൻവി കപൂറും സൽമാൻ ഖാനും തമ്മിലുള്ള രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ജാൻവി കുഞ്ഞായിരുന്നപ്പോൾ പകർത്തിയ വീഡിയോ ആണിത്.
ശ്രീദേവിയ്ക്കും ബോണി കപൂറിനുമൊപ്പം സൽമാൻ അവതാരകനാകുന്ന ഒരു ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞു ജാൻവിയും അനിയത്തി ഖുഷിയും. പരിപാടിക്കിടയിൽ സൽമാൻ ഇരുവർക്കും നേരെ ഒരു ചോദ്യമെറിഞ്ഞു, ”വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണോ വിശ്വസിക്കുന്നത്” എന്നായിരുന്നു ചോദ്യം. ഇതിന് ജാൻവി നൽകിയ മറുപടിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
“എല്ലാ വിവാഹവും സ്വർഗത്തിലാണോ നടക്കുന്നതെന്ന് എനിക്കറിയില്ല, എന്നാൽ എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം തീർച്ചയായും സ്വർഗത്തിലാണ് നടന്നത്”. ജാൻവിയുടെ മറുപടി കയ്യടികളോടെയാണ് ഏവരും സ്വീകരിച്ചത്. ഏവരെയും അത്ഭുതപ്പെടുത്തിയ ദാമ്പത്യമായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും. 1996 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രായവ്യത്യാസത്തിന്റയും മറ്റ് അന്തരങ്ങളുടെയും കാരണം മുൻനിർത്തി ഈ വിവാഹബന്ധം ഏറെ നാൾ മുന്നോട്ട് പോകില്ലെന്ന് പറഞ്ഞവരെ അമ്പരപ്പിച്ച് 22 വർഷക്കാലം, ശ്രീദേവിയുടെ മരണം വരെ ആ ദാമ്പത്യം മുന്നോട്ട് പോയി.