‘വിസാരണൈ’കഥാകൃത്ത് ഓട്ടോചന്ദ്രൻ ലോക്ഡൗൺ കാലത്ത് വീണ്ടും ജനമനസ്സിൽ

‘വിസാരണൈ’ എന്ന തമിഴ് സിനിമയെക്കാൾ ഉദ്വേഗംനിറഞ്ഞ സംഭവമായിരുന്നു കഴിഞ്ഞദിവസം സിങ്കനല്ലൂരിൽ നടന്നത്.അവിടെ ‘വിസാരണൈ’യുടെ കഥാകൃത്ത് നായകനായി, റോഡരികിൽ ഒരു ഒഡീഷക്കാരിയുടെ പ്രസവമെടുത്തു. ഡോക്ടറല്ലാത്ത ഓട്ടോ ചന്ദ്രൻ എന്ന സാഹിത്യകാരൻ പ്രസവമെടുത്തപ്പോൾ, അത് സിനിമാക്കഥപോലെ തീരാനോവായില്ല. പകരം നിറഞ്ഞ സന്തോഷം.വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. പൊതുപ്രവർത്തകൻ കൂടിയായ ഓട്ടോചന്ദ്രൻ എന്ന എം. ചന്ദ്രകുമാർ. സി.പി.ഐ. പ്രവർത്തകർക്കൊപ്പം അടച്ചിടലിൽ ബുദ്ധിമുട്ടുന്നവർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ പോയതായിരുന്നു.

സിങ്കനല്ലൂരിൽ കാമരാജ് റോഡ് റെയിൽവേ ഗേറ്റിന് സമീപം ഒഡീഷക്കാരായ നൂറുകണക്കിന് അതിഥിതൊഴിലാളികളുണ്ട്. ഇതിൽ 26-കാരിയായ യുവതി പ്രസവവേദനയുമായി സി.പി.ഐ. ഓഫീസിനുസമീപം 108 ആംബുലൻസ് കാത്ത് നിൽക്കുകയായിരുന്നു. വേദനകൂടി യുവതി പ്രസവത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൂടെയുണ്ടായിരുന്നവർ പകച്ചു നിൽക്കുമ്പോൾ ഓട്ടോചന്ദ്രൻ യുവതിയുടെ അടുത്തെത്തി. ഭർത്താവിന്റെ മടിയിലിരുന്ന് കരഞ്ഞ യുവതിയുടെ പ്രസവമെടുക്കാൻ സഹായിച്ചു. ആൺകുഞ്ഞിനെ കൈയിലെടുത്തു.

അപ്പോഴേക്കും സ്ഥലത്തെത്തിയ മകൾ ജീവയോട് വൃത്തിയുള്ള ഒരു കത്തി പൊക്കിൾക്കൊടി മുറിക്കാൻ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതിനിടെ 108 ആംബുലൻസിലെ ആരോഗ്യപ്രവർത്തകരെത്തി പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ലണ്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ ജീവ തന്റെ അച്ഛന്റെ ഓട്ടോ അന്വേഷിച്ച് രാവിലെ ഒരാൾ വന്നതുമുതലുള്ള കാര്യങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഈ വിവരം അറിഞ്ഞത്. അതോടെ ‘ലോക്കപ്പ്’ എഴുതി സിനിമയിൽ കയറിയ ഓട്ടോചന്ദ്രൻ ലോക്ഡൗൺ കാലത്ത് വീണ്ടും ജനമനസ്സിൽ കയറി.

ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലിനെ ആധാരമാക്കിയാണ് വെട്രിമാരൻ ‘വിസാരണൈ’ എന്ന സിനിമ ഒരുക്കിയത്. മികച്ച തമിഴ് ചിത്രത്തിനും സഹനടനും എഡിറ്റിങ്ങിനും ഉള്ള ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ആ വർഷം ഓസ്കറിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!