അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 2018-ല്‍ ഇറങ്ങിയ സിനിമയാണ് ‘മന്മര്സിയാന്’ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ചെറിയ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി തപ്സി . ഒട്ടും തയ്യാറെടുപ്പില്ലാതെ സെറ്റില്‍ വരുന്ന ഒരാളാണ് അനുരാഗ് എന്നാണ് താപ്സി കുറിപ്പില്‍ പറയുന്നത്. സിനിമയിലെ കഥാപാത്രമായ റൂമിയുടെ മേക്കപ്പിലുള്ള ഫോട്ടോയാണ് താപ്സി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഈ ഫോട്ടോയില്‍ കാണുന്നത് മന്മര്സിയാന് സിനിമയ്ക്ക് വേണ്ടി ചെയ്ത ലുക്ക് ട്രൈയലാണ്. അമൃതസറിലാണ് ചിത്രീകരണം ചെയ്തത്. അനുരാഗ് കശ്യപിന്റെ സ്ഥിരം പരിപാടി… അവസാനം നിമിഷ തീരുമാനം. ഇതാണ് ഞാന്‍ ആദ്യമായി എന്റെ കഥാപാത്രമായ റൂമിയെ അറിയുന്നത്. അതായത് ചിത്രീകരണത്തിന്റെ രണ്ട് ദിവസം മുന്‍പ്. അനുരാഗിന്റെ വര്‍ക്കുകള്‍ വര്‍ഷങ്ങളായി പിന്തുടരുന്നവര് അദ്ദേഹത്തിനൊപ്പം ജോലി ചെയ്താല്‍ അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് അതുവരെയുള്ള എല്ലാ ധാരണകളും പൊളിയും. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കുന്ന ഒരു പെന്ഗ്വിന്, ആരും ചിരിക്കാത്ത തമാശകള്‍ പറയും, ഏറ്റവും ആനന്ദകരമായി ചിരിക്കുന്ന ഒരു മനുഷ്യന് (അദ്ദേഹം ചെയ്യുന്ന ഗൂഢമായ ഇരുണ്ട സിനിമകള്‍ പോലെയല്ല) ഇതിനെല്ലാം പുറമേ ഒരു തയ്യാറെടുപ്പും ഇല്ലാതെ സെറ്റില്‍ വരും. ഇത് കണ്ടാല്‍ ഉടനെ അദ്ദേഹത്തിന്റെ വക തുറന്നു വായിക്കാന്‍ പറ്റാത്ത മെസേജ് എനിക്കിപ്പോള്‍ കിട്ടും, പക്ഷേ അദ്ദേഹത്തിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തിനറിയാം.’ ഫോട്ടോയോടൊപ്പം ഇങ്ങനെയൊരു അടിക്കുറിപ്പും താപ്സി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി പഴയ ഫോട്ടോകള്‍ അതിനൊപ്പം ചെറിയൊരു കുറിപ്പും പങ്കുവെയ്ക്കുന്ന വിനോദത്തിലാണ് താപ്സി. കുട്ടിക്കാലത്തെ ഓര്‍മകളും സിനിമാ ചിത്രീകരണ വേളയിലെ ചെറിയ തമാശകളുമെല്ലാം ഇതുപോലെ താപ്സി കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.