പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. നടി ശോഭന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു താരം. എന്നാൽ അതിനിടെയായിരുന്നു സംഭവം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
”പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ അക്സസ് നിയന്ത്രണം ആരോ ഏറ്റെടുത്തു. പോലീസിന് പരാതി നല്‍കിയിരുന്നു. വീണ്ടും നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. നിങ്ങളെല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നു” എന്നാണ് ശോഭന കുറിച്ചത്.
എന്നാൽ പതിവിന് വിപരീതമായി ശോഭനയുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ചില വീഡിയോകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോള്‍ ആരാധകര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്നെ അക്കൌണ്ട് ഹാക്ക് ചെയ്ത വിവരം അറിയിച്ചത്. സംഭവത്തിൽ ശോഭന പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
പ്രശസ്ത നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൌണ്ടും നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.