ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ ട്വിറ്ററിലൂടെ വൈറലായ സെലിബ്രിറ്റി ചലഞ്ചാണ് ‘ബി ദ റിയല്‍ മാന്‍’ ചലഞ്ച്. ഇപ്പോഴിതാ മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാനും ചലഞ്ച് എടുക്കാനായി വെല്ലുവിളി വന്നിരിക്കുകയാണ്. തെലുങ്ക് യുവ നടന് വിജയ് ദേവരക്കൊണ്ടയാണ് ദുൽഖറിന് നേരെ ചലഞ്ച് മുഴക്കിയിരിക്കുന്നത്.
തന്റെ വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് വിജയ് ചലഞ്ച് പൂര്‍ത്തിയാക്കിയത്. കുടുംബത്തോടൊപ്പം സമയം ചെലവിടുകയും അവര്‍ക്കായി മാങ്ങ ഐസ്ക്രീം ഉണ്ടാക്കുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം.’എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ചില ഭാഗങ്ങള്‍’ , എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്. അവസാനം ‘ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു’ എന്നും ദുല്‍ഖറിനെ ടാഗ് ചെയ്ത് താരം കുറിക്കുകയായിരുന്നു.
ലോക്ക് ഡൗണിനിടയിൽ വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച് നിർദേശിക്കുന്നത്. നേരത്തെ സംവിധായകന് എസ്എസ് രാജമൗലി അടക്കമുള്ളവര്‍ ഇതേ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.