പാര്‍വതി നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ എന്ന ചിത്രം പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി.
സിനിമയുടെ തുടക്കത്തില്‍ കോളജ് യൂത്ത്ഫെസ്റ്റിവല്‍ ഡാന്‍സിന് ഒന്നാം സമ്മാനം വാങ്ങിയ പല്ലവിയും സുഹൃത്തുക്കളും ആഘോഷിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. അത് ചിത്രീകരിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വതിക്കു സംവിധായകന് മനു അശോകന് ഡയലോഗ് പറഞ്ഞ് കൊടുക്കുന്ന വിഡിയോയാണ് ആസിഫ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
‘ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഏക്താര,’ ഇത്രയുമായപ്പോള്‍ പാര്‍വതി ചോദിക്കുന്നു, ബാക്കി എന്താ പറയേണ്ടത് എന്ന്. ബാക്കി ഡയലോഗ് ആലോചിക്കുന്ന മനുവിനെയും വിഡിയോയില്‍ കാണാൻ കഴിയുന്നതാണ്.