എറണാകുളം തമ്മനത്ത് കൊറോണ വൈറസ് രോഗബാധ ഉണ്ടെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശിയും ഗര്‍ഭിണിയുമായ യുവതിയേയും കുടുംബത്തിനേയും ഫ്ലാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം നടത്തിയവരെ തടഞ്ഞത് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ്. ഇന്നലെ വൈകീട്ടായിരുന്നു ഈ ക്രൂര സംഭവം നടന്നത്. യുവതിക്ക് കൊറോണ വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്ളാറ്റൊഴിയണമെന്ന് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികള്‍ നിലപാടെടുത്തതോടെയാണ് റോണി ഇടപെട്ടത്. റോണിക്ക് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്ത് വന്നിരുന്നു.
എന്നാല്‍ ദമ്പതികളോട് ഫ്ലാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞിരിക്കുന്നത്. ഈ സംഭവം നവ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ഇതോടെ വാര്‍ത്താ മാധ്യമങ്ങളും എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവരും ഈ വിഷയത്തിന്റെ ഗൗരവമറിഞ്ഞ് ഇടപെടുകയുമായിരുന്നു ഉണ്ടായത്.