വീണ്ടും ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിനെതിരെ പരാതി

അനൂപ് സത്യൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ഈ ചിത്രം ദുൽഖർ സൽമാൻ്റെ നിർമ്മാണക്കമ്പനിയായ വേഫേറർ ഫിലിംസിൻ്റെ ആദ്യ സംരംഭമായിരുന്നു. ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന താരങ്ങളാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ജോണി ആൻ്റണി, ഉർവശി തുടങ്ങിയവരും വേഷമിട്ടിരുന്നു. തീയറ്ററുകളിൽ മികച്ച പ്രതികരണം ആണ് ഈ ചിത്രം നേടിയത്. കഴിഞ്ഞ ദിവസം ഈ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസായിരുന്നു.

ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ദുൽഖർ സൽമാന് കഴിഞ്ഞ രണ്ട് ദിവസമായി തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ദുൽഖറിനെതിരെ വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തൻ്റെ വളർത്തുനായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്നത് മുൻ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ പരിഹസിച്ചാണെന്നാണ് കഴിഞ്ഞ ദിവസം തമിഴ് ട്വിറ്റർ ഉപഭോക്തക്കൾ ആരോപിച്ചത്. ദുൽഖറിനെയും കുടുംബത്തെയും ട്വിറ്ററിലൂടെ പലരും ക്രൂരമായി അവഹേളിക്കുകയും ഉണ്ടായി. തുടർന്ന് പ്രഭാകരൻ എന്ന പേര് ഉപയോഗിച്ചത് മനഃപൂർവമല്ല എന്നും പട്ടണപ്രവേശം എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള തമാശയാണെന്നും വിശദീകരിച്ചു കൊണ്ട് ദുൽഖർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ സിനിമയിൽ തമിഴ് ബ്രാഹ്മണൻ ബീഫ് ആവശ്യപ്പെടുന്നു എന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുതിയ വിവാദം വന്നിരിക്കുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ ടാഗ് ചെയ്തു കൊണ്ടാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. സംവിധായകൻ അനൂപ് സത്യനും ദുൽഖറിനും മേസേജ് ചെയ്തെന്നും അവരൊന്നും മറുപടി നൽകിയില്ലെന്നും ഒരു ട്വിറ്റർ ഉപഭോക്താവ് പറയുന്നു. സെൻസർ ബോർഡ് എങ്ങനെയാണ് ഈ ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്താൻ അനുവദിച്ചതെന്നാണ് മറ്റ് ചിലരുടെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!