ലോകം മുഴുവൻ കോവിഡ് 19 ഭീതിയിൽ കഴിയവെ അക്കാദമി നിയമം ഭേദഗതി ചെയ്തു . ഓസ്കർ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയ്യറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്ട്സ് ആന്റ് സയൻസ്.
അക്കാദമിയിലെ 54 അംഗ ഭരണ സമിതിയുടെ വിർച്വൽ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെടുക്കുന്നത്. ഓസ്കർ പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച പ്രദർശിപ്പിക്കണമെന്നായിരുന്നു നിയമം. കോവിഡ് 19 ലോകം മുഴുവൻ പടർന്ന സാഹചര്യത്തിൽ സിനിമാ തിയ്യറ്ററുകൾ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ല. അതുകൊണ്ടാണ് നിയമം ഭേതഗതി ചെയ്തതെന്ന് അക്കാദമി വ്യക്തമാക്കി.
കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയിൽ ഈ വർഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സ്ഥിതിയും മരിച്ചല്ല. ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിൽ ബോളിവുഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.