ലോക്ക് ഡൗണിൽ സമ്മർദം കുറയ്ക്കാനും പുതിയ നൃത്തരൂപങ്ങൾ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നതിനുമായി ലോക നൃത്തദിനത്തിൽ ഓൺലൈൻ നൃത്തോത്സവവുമായി നടി മാധുരി ദീക്ഷിത്. ലോക നൃത്തദിനമായി ആഘോഷിക്കുന്ന ഏപ്രിൽ 29-ന് ആരംഭിക്കുന്ന പരിപാടി മാധുരിയുടെ ഡാൻസ് വിത്ത് മാധുരി എന്ന നൃത്ത അക്കാദമിയാണ് സംഘടിപ്പിക്കുന്നത്.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിൽ രാജ്യത്തെ മികച്ച നർത്തകർ, നൃത്ത സംവിധായകർ, മേഖലയിലെ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് മാധുരി പ്രസ്താവനയിൽ പറഞ്ഞു. മുതിർന്ന നൃത്തസംവിധായകരായ സരോജ് ഖാൻ, ഫറാ ഖാൻ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ ബിർജു മഹാരാജിന്റെയും മാധുരിയുടെയും നൃത്തപ്രകടനങ്ങളും ഉണ്ടാകും.
ഏപ്രിൽ ഒന്നുമുതൽ അക്കാദമിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നൃത്തം പഠിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. പുതുതായി എന്തെങ്കിലും പഠിക്കുന്നതിലൂടെ അടച്ചിടലിലൂടെയുള്ള സമ്മർദങ്ങളെ അതിജീവിക്കുകയാണ് ക്ലാസിലൂടെ ലക്ഷ്യമിട്ടതെന്ന് നടി പറഞ്ഞു.