കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദനം അറിയിച്ച് നടൻ കമല്‍ ഹാസന്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ സന്തോഷവാനാക്കുന്നുവെന്നും ഒഡിഷയും അതുപോലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനമാണെന്നും കമല്‍ ഹസ്സൻ പറയുന്നു. തമിഴ്നാട്ടിലെ എടപ്പാടി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമല്‍ അവര്‍ തിരുത്തലിന് തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തുമെന്നും അഭിപ്രായപ്പെടുന്നു.
“എന്റെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു. ‘എന്റെ’ എന്നത് ഞാന്‍ അഭിമാനത്തോടെ പറയുന്നു. ഒഡീഷയും അതുപോലെതന്നെ. നന്നായി പ്രവര്‍ത്തിച്ച എന്റെ രണ്ട് ബന്ധുക്കളെ ചൂണ്ടിക്കാട്ടുകയാണ് ഞാന്‍. മറ്റുള്ളവര്‍ മോശമാണെന്ന് അതിന് അര്‍ഥമില്ല. അവരുടെ വിജയത്തില്‍ നിന്ന് നമ്മള് പഠിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റുള്ളവരുടെ പരാജയത്തില്‍ നിന്നും നാം പഠിക്കണം. സന്തോഷം ആഘോഷിക്കുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച് തോല്‍വിയില്‍ നിന്ന് പഠിക്കേണ്ടതുമുണ്ട്. ഇത് പ്രധാനമാണ്. തമിഴ്നാട് (സര്‍ക്കാര്‍) കൂടുതല്‍ സുതാര്യത പരിശീലിക്കേണ്ടതുണ്ട്. ജീവിതം ക്ഷണികമാണെന്ന് മനസിലാക്കേണ്ടതുണ്ട്, അതുപോലെയാണ് ലാഭവും അതിന്റെ കമ്മിഷനുമെന്നും. തമിഴ്നാട്ടിലേത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ്. ഈ സമയത്തെങ്കിലും അവര്‍ അവര്‍ തിരുത്തലിന് തയ്യാറാവണം. അല്ലാത്തപക്ഷം അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തും”, കമല്‍ ഹാസന് പറഞ്ഞു.