സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി പദ്ധതിയിലൂടെ വൃക്ക സ്വീകരിച്ച പാറശ്ശാല സ്വദേശി രാജനെ ഫോണിൽ വിളിച്ച് നടൻ മോഹൻലാൽ . ‘മൃതസഞ്ജീവനി വഴി നിങ്ങൾക്കു ലഭിച്ചത് വലിയൊരു സൗഭാഗ്യമാണ്’ഒരു പുതുജീവിതത്തിലേക്ക് നിങ്ങൾ തിരിച്ചുവന്നിരിക്കുകയാണ്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകണമെന്നും മോഹൻലാൽ പറഞ്ഞു.
രാജന്റെ ഭാര്യ സിന്ധുവിനോടും അദ്ദേഹം സംസാരിച്ചു. സിന്ധുവിന്റെ മനഃസാന്നിധ്യവും പരിചരണവുമാണ് രാജനെ ആരോഗ്യവാനാക്കിയത്. അതിനു പ്രത്യേക നന്ദിയുണ്ടെന്നും മൃതസഞ്ജീവനി ഗുഡ്വിൽ അംബാസഡർകൂടിയായ മോഹൻലാൽ പറഞ്ഞു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായ പാറശ്ശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തൻവീട്ടിൽ രാജൻ(40) കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്.